എന്റെ പ്രിയപ്പെട്ട ഉസ്താദ്

 



                  തെളിഞ്ഞ മനസ്സും തെളിയിച്ച അറിവും കൊണ്ടു തന്നെ ഞാൻ എന്നും "എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഉസ്താദ്" എന്നു വിശേഷിപ്പിക്കാറുള്ള ഉസ്താദ്. ഇന്ന് രാവിലെ ഉണർന്നതും വേദന ജനകമായ സന്ദേശം കേട്ടു: "പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും റഹ്മാനിയ്യ സീനിയർ മുദരിസ്സുമായ യുസുഫ് ഫൈസി ഉസ്താദ് അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി."
               അഭിമാനത്തെയും അഹങ്കാരത്തെയും അതിജീവിച്ച ഒരു വലിയ വ്യക്തിത്വം – അതാണ് ഉസ്താദ്. അറിവിന്റെയും വിനയത്തിന്റെയും ജീവഭാവമായിരുന്നു അദ്ദേഹം. ഇദ്ദേഹത്തിനോളം സൗമ്യനും മനോഹരവുമായ മാന്യതയുടെ ജീവചിഹ്നമായ മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല. ആരെയും അസൗകര്യത്തിലാകാതെ, വാക്കിലും നോട്ടത്തിലും ആർക്കും വേദന വരുത്താതെയായിരുന്ന അദ്ദേഹത്തിന്റെ ജീവിതപാത.
                   ഒരിക്കൽ ദീർഘസംസാരത്തിനായി അദ്ദേഹം ഇരിക്കേണ്ടി വന്നപ്പോൾ കസേരയിട്ട് കൊടുത്തത് എന്റെ ജീവിതത്തിലെ വലിയൊരു സുകൃതമായി ഞാൻ ഇന്നും കരുതുന്നു. ഞാൻ രോഗബാധിതനായി കിടന്ന സമയങ്ങളിൽ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ സ്‌നേഹപൂർവത എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.
              റഹ്മാനിയ്യയിലെ വിദ്യാർത്ഥി ജീവിതത്തിൽ ഞങ്ങൾ ഉസ്താദുമാർക്ക് ഭക്ഷണവിഭവങ്ങൾ ഒരുക്കിയപ്പോഴത്തെ ഉസ്താദിന്റെ മറുപടി ഇന്നും ഹൃദയത്തിൽ ഓർമ്മയായ് തങ്ങുന്നു:
"തലശ്ശേരിക്കാരുടെ നോമ്പ് തുറ പോലെ ആസ്വാദ്യമായിരുന്നു!"
ആ വാക്ക് എത്രനാള്‍ ചിന്തിച്ചാലും ഹൃദയം ഉണരാതിരിക്കില്ല.
                  ജീവിതത്തിൽ ഒരു വാക്ക് കൊണ്ടും ഒരു പ്രവർത്തിയിലൂടെയും ഒരാളെ പോലും നിരാശപ്പെടുത്താതിരുന്ന, ഒരിക്കലും പകയോ വിദ്വേഷമോ കണ്ടറിയാത്ത ഒരാളായിരുന്നു ഉസ്താദ്. ഉസ്താദിന്റെ മരണ സന്ദർഭംപോലും ഇഷ്ടപ്പെടുന്നവർക്കു എത്രത്തോളം ആശ്വാസം നൽകുന്നതാണ്!
വിശുദ്ധ വ്യാഴാഴ്ച രാവിലായിരുന്നു ഈ ലോകത്തോട് വിട പറഞ്ഞത്. "ലാ ഇലാഹ ഇല്ലല്ലാഹ്" എന്ന തൗഹീദിന്റെ കൽപന കൊണ്ട് തന്നെ ഈ യാത്ര പൂർത്തിയാകുന്നത് അതിസ്വച്ഛമായൊരു ദൗത്യംപോലെ തോന്നുന്നു.
റഹ്മാനിയ്യ ജീവിതത്തിന്റെ അവസാനം അവസാന ഘട്ടമായപ്പോൾ ഉസ്താദ് ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. ചില കാരണങ്ങളാൽ ആ സന്ദർശനം നടക്കാനായില്ല. "ഇൻശാ അല്ലാഹ്, ഞാൻ ഉംറക്ക് പോയി വന്നാൽ നിങ്ങളെ എല്ലാവരെയും വീട്ടിലേക്ക് ക്ഷണിക്കും. വരണം, " എന്ന് പറഞ്ഞുതന്നെ അദ്ദേഹം യാത്രയായത്.
                      ഉംറക്ക് പോയപ്പോൾ, ചില ആരോഗ്യ പ്രശ്‌നങ്ങൾ വന്നുവെന്നും, ആശുപത്രിയിൽ അഡ്മിറ്റ് ആകേണ്ടിവന്നുവെന്നും കേട്ടു. ഒടുവിൽ, അദ്ദേഹം അല്ലാഹുവിന്റെ വിളിക്ക് സമാധാനത്തോടെ ഉത്തരം നൽകി.
ഉസ്താദ് ദയാമയനായ അല്ലാഹുവിന്റെ റഹ്മത്തിലേക്ക് ചേർന്നിരിക്കുന്നു.
നമ്മുടെ ജീവിതമെന്നുള്ളത് എങ്ങനെയാവണം എന്നത് ജീവിച്ചു കാട്ടിയ ഒരു മഹാ വ്യെക്തിയായിരുന്നു ഉസ്താദ്.
അല്ലാഹു ഉസ്താദിനോടൊപ്പം നമ്മളെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ. ആമീൻ........

                 മുഹമ്മദ്‌ ഷിബിലി റഹ്‌മാനി 
                 വള്ളിക്കുന്ന് 

Comments

Popular posts from this blog

THE DANGER OF SHARING EVERYTHING

LET NO MORE VIPANCHIKAS DIE

NOT FOR WEALTH, BUT FOR JANNAH