അറേബ്യയുടെ കിരീടം വെക്കാത്ത രാജാവ്
അറേബ്യയിലെ കിരീടം വെക്കാത്ത ചക്രവർത്തി എന്ന നിലയിൽ, ജനങ്ങളാൽ ചോദ്യം ചെയ്യപ്പെടാത്ത അദ്ധ്യാത്മിക നേതാവ് എന്ന നിലയിൽ, അന്നത്തെ പ്രബലമായ സൈന്യത്തിലെ സർവ്വ സൈന്യാധിപൻ എന്ന നിലയിൽ നിൽക്കുമ്പോഴാണ് പ്രവാചക (സ്വ) നിറകണ്ണുകളോടെ ജനങ്ങളോട് പറഞ്ഞത് – ഞാൻ ആരെയെങ്കിലും ഉപദ്രവിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് എന്നെ ഉപദ്രവിക്കാം. ഞാൻ ആരെയെങ്കിലും അപമാനിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് എന്നെ അപമാനിക്കാം. ഞാൻ ആർക്കെങ്കിലും വല്ല പണവും തരാനുണ്ടെങ്കിൽ, ചോദിച്ചുകൊള്ളൂ – ഞാൻ തരാം.
ഇതൊരു ശബ്ദം മാത്രമല്ല – അതൊരു നേതാവിന്റെ ആത്മപരിശോധനയും, ജനങ്ങളോടുള്ള ഉത്തരവാദിത്വബോധവും, ആത്മസാക്ഷിയുടെ ആഴത്തിലുള്ള തെളിവുമാണ്. ലോക ചരിത്രത്തിൽ കാണില്ല ഇതുപോലെ ഒരു നേതാവ്.
പണ്ട് ആരോ പറഞ്ഞത് പോലെ, നിങ്ങൾക്ക് അയാളെ എന്ത് പേരുവേണമെങ്കിലും വിളിക്കാം. എന്ത് തന്നെ വിളിച്ചാലും ഒരു കാര്യം സത്യമാണ് – പഴന്തുണികൊണ്ടുള്ള മേൽക്കുപ്പായമണിഞ്ഞ ആ മനുഷ്യനെ അനുസരിക്കപ്പെടുംവിധം, കിരീടമണിഞ്ഞ ഒരു ചക്രവർത്തിയും സ്വന്തം പ്രജകളാൽ അനുസരിക്കപ്പെട്ടിട്ടില്ല.
പ്രവാചകൻ അനുസരിക്കപ്പെടുന്നവരാകുന്നതിൽ മാത്രമല്ല, അനുകരിക്കപ്പെടുന്നവരുമാണ്. അനുസരണവും അനുകരണവും തമ്മിൽ പ്രത്യേകം വ്യത്യാസമുണ്ട്. ഒരാളെ അനുസരിക്കുന്നത്, അവന്റെ നിർദ്ദേശങ്ങൾക്കും കല്പനകൾക്കും കീഴടങ്ങുക മാത്രമാണ്. എന്നാൽ, ഒരാളെ അനുകരിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ, അയാൾ മറ്റുള്ളവർക്കുള്ള മാതൃക ആവണം – ജീവിതംകൊണ്ടും, പെരുമാറ്റംകൊണ്ടും, അർത്ഥവത്തായ മൂല്യങ്ങളിലൂടെയാണ് പ്രവാചകൻ ഭൂമിയിൽ ജീവിച്ചത്.
ലോകചരിത്രത്തിൽ ഇതുവരെ ഒരു മനുഷ്യന്റെ രൂപവും, വസ്ത്രധാരണശൈലിയും, ജീവിതരീതികളും പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥം കണ്ടിട്ടില്ല. എന്നാൽ പരിശുദ്ധ റസൂലിനെ കുറിച്ചു പ്രതിപാദിക്കുന്ന ഗ്രന്ഥമുണ്ട്.പ്രശസ്ത ഇസ്ലാമിക ഹദീസ് പണ്ഡിതനായ ഇമാം അൽ-തിര്മിദി എഴുതിയ Shamā’il al-Tirmidhi" (ശമാഇൽ അൽ-തിര്മിദി). ഈ പുസ്തകം പ്രവാചകൻ മുഹമ്മദ് നബി (സ.അ) യുടെ രൂപരേഖയും സ്വഭാവവൈശിഷ്ട്യങ്ങളും വ്യക്തിത്വഗുണങ്ങളും വളരെ സുന്ദരമായി വിവരിക്കുന്നു.
പ്രവാചകന്റെ രൂപശ്രീ, ശരീരവിലാസം, രോമങ്ങൾ, ഭാവം, കാത്, മുഖം മുതലായവയെ കുറിച്ചുള്ള വിശദമായ വിവരണം. വസ്ത്രധാരണശൈലി, ഭക്ഷണരീതികൾ, നടപാട്, നടപ്പ്, നേരത്തെ എഴുന്നേൽക്കൽ, ഉറക്കം, വിനയം, ഭയഭക്തി തുടങ്ങിയ പ്രവാചകന്റെ ദൈനംദിന ജീവിത ശൈലികളും.
ഒരു നേതാവിന്റെ കരുത്ത് കയ്യിലോ കിരീടത്തിലോ അല്ല, ഹൃദയത്തിലുണ്ടാക്കുന്ന പ്രതിഫലനത്തിലാണ്. ഒരു കിരീടം പോലുമില്ലാതെ തന്നെ മനുഷ്യ ഹൃദയങ്ങളിൽ രാജവേഷം ധരിച്ച് പഴന്തുണി കുപ്പായത്തിൽ തന്നെ മനസ്സുകൾ കീഴടക്കി.
മുഹമ്മദ് ഷിബിലി റഹ്‌മാനി
വള്ളിക്കുന്ന്

Comments
Post a Comment